Wednesday, November 29, 2006

നിയമാവലി

ബൂലോക ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള നിയമാവലി 1.0

1. ആര്‍ക്കൊക്കെ പങ്കെടുക്കാം?

1.1 മലയാളത്തില്‍ സ്വന്തമായി ബ്ലോഗുള്ള ആര്‍ക്കും ഈ സൌഹൃദമത്സരത്തില്‍ പങ്കെടുക്കാം. മത്സരം അനൌണ്സ് ചെയ്യുന്നതിന് ഒരു ദിവസമെങ്കിലും മുന്പ് ബ്ലോഗ് തുടങ്ങിയിരിക്കണമെന്നേയുള്ളൂ. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലുള്ള ഒരു മത്സരമായിട്ടാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.
(ഈ മത്സരബ്ലോഗ് പിന്മൊഴി ഉപയോഗിക്കുന്നതിനാല്‍, പിന്മൊഴിയുടെയും തനിമലയാളത്തിന്റെയും പൊതു നിയമങ്ങള്‍ ഇവിടെയും ബാധകമായിരിക്കും)


2. മത്സരത്തിന്റെ സമയപരിധി,വിഷയം

മത്സരകലണ്ടര്‍
എല്ലാ മാസവും ഒരു മത്സരം വെച്ചു സംഘടിപ്പിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.
എല്ലാ മാസവും ഒന്നാം തിയതി മത്സരം അനൌണ്സ് ചെയ്യപ്പെടുകയും പങ്കെടുക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ സമര്പ്പിക്കാന്‍ 2 ആഴ്ച സമയം അനുവദിക്കുകയും ചെയ്യുന്നു. ചിത്രങ്ങള്‍ ലഭിച്ച ശേഷം ബൂലോ‍കര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ചിത്രങ്ങളെ സ്വന്തം വീക്ഷണമനുസരിച്ച് റേറ്റ് ചെയ്യുവാന്‍ ഒരാഴ്ച സമയം അനുവദിക്കുന്നതാണ്. അവസാ‍നം വിധികര്‍ത്താക്കളുടേയും ബൂലോകരുടേയും ഗ്രേഡിംഗുകള്‍/റേറ്റിംഗുകള്‍/വോട്ടുകള്‍ മത്സരഫലമായി പബ്ലിഷ് ചെയ്യുന്നതാണ്. എല്ലാവര്‍ക്കും ഓര്‍ത്തിരിക്കുവാന്‍ സൌകര്യത്തിനായി മത്സരകലണ്ടര്‍ താഴെ പറഞ്ഞിരിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നു.

* എല്ലാ മാസവും ഒന്നാം തിയതി മത്സരം അനൌണ്സ് ചെയ്യുന്നതാണ്.

* പതിനഞ്ചാം തിയതി വരെ മത്സരത്തിനായി ഫോട്ടോ സമര്‍പ്പിക്കുവാന്‍‍ സാധിക്കും

* ഇരുപത്തിരണ്ടാം തിയതി വരെ ബൂലോകര്‍ക്ക് വോട്ടിംഗിനു അവസരമുണ്ടായിരിക്കും

* ഇരുപത്തിനാലാം തിയതി ജഡ്ജസിന്റെയും പബ്ലിക്കിന്റെയും വിധിനിര്‍ണ്ണയം പരസ്യപ്പെടുത്തുന്നതാണ്.

വിഷയം
ഓരോ മാസത്തെ മത്സരവും ഓരോ തീമിനെ/വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നടത്തുക. മത്സരാര്‍ത്ഥികള്‍ ഈ നിര്ദ്ദിഷ്ട തീമിന്/വിഷയത്തിനു യോജിച്ച ചിത്രങ്ങള്‍ ഈമെയില്‍ വഴി സമര്‍പ്പിക്കണം. തീമിന്/വിഷയത്തിന് ഉദാഹരണങ്ങള്‍ : നിറങ്ങള്‍, കുട്ടികള്‍, പ്രകൃതി, ഇമോഷനുകള്‍, യാത്ര, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ മുതലായവ.

3. മത്സരത്തിനുള്ള എന്ട്രികള്‍ - യോഗ്യതകള്‍

3.1 ചിത്രങ്ങള്‍ സ്വന്തമായി എടുത്തതായിരിക്കണം.
3.2 ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം.
3.3 ഫോട്ടോ എഡിറ്റിങ്ങ് (ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ്വേറുകള്‍ ഉപയോഗിച്ചുള്ള എഡിറ്റിങ്ങ് )വളരെ പരിമിതമായിരിക്കണം. ഉദാഹരണത്തിന് ക്രോപ്പിങ്ങ്, ബോര്ഡര് ഇടുക,color correction എന്നത് അനുവദനീയമാണ്. എന്നാല് 2 ചിത്രങ്ങള് ഫോട്ടോഷോപ്പ് വഴി മെര്ജ്ജ് ചെയ്യുക, colour Tone, motion blur, photoshop filter കള്‍ വെച്ചുള്ള അഡ്വാന്സ്സ്ഡ് കാര്യങ്ങള്‍ അനുവദനീയമല്ല. ഇത് ഒരു photoshop competition അല്ല.
3.4 പങ്കെടുക്കുന്നവര് അയയ്ക്കുന്ന ഫോട്ടോഗ്രാഫുകള്‍ പുതുതായി എടുത്ത ചിത്രങ്ങളോ മുന്‍പ് ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ചിത്രങ്ങളോ ആകാം.
3.5 ഒരു ബ്ലോഗര്‍‍ ഒരു മാസത്തെ മത്സരത്തിന് ഒരു ചിത്രം മാത്രം അയയ്ക്കുക.
3.6 മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല, ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചില പ്രത്യേക വിഷയങ്ങള്‍ക്ക് മാത്രം 15 വാക്കുകളില്‍ കവിയാതെ ഒരു ചെറു വിവരണം ഉള്‍പ്പെടുത്താവുന്നതാണ്. ഇങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരത്തില്‍ ഈ കാര്യം മത്സരാര്‍ത്ഥികളെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നതാണ്.
3.7 സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല. ഇതില്‍ തീരുമാനം എടുക്കുന്നത് വിധി നിര്‍ണ്ണയത്തിനു നിയമിച്ചിരിക്കുന്ന പാനലായിരിക്കും.
3.8 ചിത്രങ്ങള്‍ക്കുള്ളില്‍ text, copyright information യാതൊന്നും പാടില്ല. text എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഫോട്ടോയില്‍ തന്നെ എഴുതി ചേര്‍ക്കുന്ന ക്യാപ്ഷന്‍, ചെറിയ അടിക്കുറിപ്പ് എന്നിവയൊക്കെയാണ്. കഴിവതും date ഒഴിവാക്കണം.

4. മത്സരത്തിനുള്ള എന്ട്രികള്‍ സമര്‍പ്പിക്കേണ്ട രീതി.
മത്സരത്തിനുള്ള ഫോട്ടോ ഈമെയില്‍ വഴി സമര്‍പ്പിക്കണം. മത്സരചിത്രങ്ങള്‍ അയിക്കേണ്ട ഈ തപാല്‍ വിലാസം : boolokaphotoclub at gmail dot com . ഫോട്ടോ അയിക്കുമ്പോള്‍ കൂടെ ഈമെയിലില്‍ നിങ്ങളുടെ ബ്ലോഗ് വിലാസം ഉള്‍പ്പെടുത്തണം.

5. വിധി നിര്‍ണ്ണയം.

മത്സരത്തിനു ലഭിച്ച ഫോട്ടോകള്‍ നമ്പറിട്ട് ബൂലോക ഫോട്ടോ ക്ലബ്ബില്‍ ഒരു പുതിയ പോസ്റ്റായി പബ്ലിഷ് ചെയ്യുന്നതാണ്‌. എല്ലാവര്‍ക്കും കാണുന്നതിനായി ഫ്ലിക്കറിലും പിക്കാസ്സ വെബിലും ചിത്രങ്ങള്‍ ഇടുന്നതാണ്. എന്നാല്‍ വോട്ടിങ്ങിനുള്ള പോളിംഗ് സ്റ്റേഷന്‍ ഈ ബ്ലോഗിനെ മത്സരചിത്രങ്ങളുടെ പോസ്റ്റായിരിക്കും.

രണ്ടു രീതിയിലായിരിക്കും മത്സരം നടക്കുന്നത്
5.1. Blogger's Choice
5.2.Judges Favourite

5.1. Blogger's Choice
ബൂലോകര്‍ വോട്ട് ചെയ്ത് ഏറ്റവും പോപ്പുലറായ മൂന്ന് ഫോട്ടോകളെ തിരഞ്ഞെടുക്കുക എന്നാതാണ് ഈ വിഭാഗത്തിലെ മത്സരംകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്കിഷ്ടപ്പെട്ട 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കമന്റ് രേഖപ്പെടുത്തുക എന്നതാണ് ബൂലോകര്‍ ചെയ്യേണ്ടത്. വോട്ടിങ്ങ്‍ കുറച്ചു കൂടി എളുപ്പമാക്കാന്‍ വേണ്ടിയാണ് എല്ലാ ചിത്രങ്ങളും റാങ്കു ചെയ്യുക അല്ലെങ്കില്‍ ആദ്യത്തെ 3 ചിത്രങ്ങള്‍ റാങ്ക് ചെയ്യുക എന്നതിനു പകരം മികച്ച മൂന്ന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നാക്കിയിരിക്കുന്നത്. എല്ലാ ബൂലോകരും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുന്നു.
വോട്ടിങ്ങ് സംബന്ധിച്ചുള്ള ചില നിബന്ധനകള്‍
5.1.1 അനോനി വോട്ടിങ്ങ് അനുവദിക്കുന്നതല്ല.
5.1.2 ഒരാള്‍ക്ക് ഒരു മത്സരത്തിനു ഒരു വോട്ട് മാത്രം.
5.1.3 വോട്ട് ചെയ്യുന്നത് താഴെ കാണിച്ചിരിക്കുന്നതു പോലെയായിരിക്കണം.
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #
5.1. 4 വോട്ടിങ്ങ് സമയത്തു ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ enabled ആക്കിയിരിക്കും. ഒരാളുടെ വോട്ട് മറ്റുള്ളവരെ സ്വാധീനിക്കാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കുമ്പോള്‍ ഈ വോട്ടുകള്‍ എല്ലാം പരസ്യമാക്കുന്നതാണ്.
5.1.5 ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന ചിത്രങ്ങളായിരിക്കും ഈ വിഭാഗത്തിലെ വിജയികള്‍.

5.2. Judges Favourite

ഫോട്ടോ അയയ്ക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തില്‍, ജഡ്ജസ് എല്ലാ ചിത്രങ്ങളെയും A,B,C എന്നീ ഗ്രേഡുകളില്‍ തരം തിരിക്കുന്നു.
അതുപോലെ ജഡ്ജസ് ചേര്‍ന്ന് ഏറ്റവും നല്ലതെന്ന് തോന്നുന്ന 3 ചിത്രങ്ങളെയും തിരഞ്ഞെടുക്കുന്നതാണ്.

വിധികര്‍ത്താക്കളുടെ പാനല്‍
അ. നളന്‍
ആ. യാത്രാമൊഴി
ഇ. സിബു
ഈ. സപ്തവര്‍ണ്ണങ്ങള്‍
ഉ. കൈപ്പള്ളി
ഊ. കുമാര്‍
എ. തുളസി

മുകളില്‍ കാണുന്ന പാനലില്‍ നിന്ന് ഒരോ മത്സരത്തിനും വേണ്ട മൂന്ന് വിധികര്‍ത്താക്കളേയും ഒരു സംഘാടകനേയും മത്സരത്തിനു മുന്‍പ് തിരഞ്ഞെടുക്കും. ഇതു ചെയ്യുന്നത് പാനലിലെ എല്ലാവ‍രും ചേര്‍ന്നായിരിക്കും. ഈ 3 വിധികര്‍ത്താക്കളായിരിക്കും മത്സരത്തിന്റെ വിഷയം നിശ്ചയിക്കുന്നത്‌. സംഘാടകനായിരിക്കും മത്സരാര്‍ത്ഥികള്‍ ഫോട്ടോ സമര്‍പ്പിക്കുന്ന ഈ മെയില്‍ വിലാസത്തിന്റെ ചുമതല. മത്സരത്തിനു ലഭിച്ച ചിത്രങ്ങള്‍ നമ്പര്‍ നല്കി ബൂലോകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും വോട്ട് ചെയ്യുവാനുള്ള പോസ്റ്റ് ഒരുക്കേണ്ടതും സംഘാടകനായിരിക്കണം.
(ചുരുക്കത്തില്‍ സംഘാടകനു മാത്രമേ ചിത്രങ്ങള്‍ ആരുടേത് എന്ന അറിവുണ്ടാകൂ)

പാനലിലെ മറ്റു വിധികര്‍ത്താക്കള്‍ക്ക് , അവര്‍ വിധികര്‍ത്താക്കളല്ലാത്ത മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

6. സമ്മാനം
വിജയികളുടെ പേരും മത്സരിച്ച ചിത്രവും വേറൊരു പോസ്റ്റായി ഈ മത്സരബ്ലോഗില്‍ തന്നെ ഇടുന്നതാണ്.
സൌഹൃദ മത്സരമായതിനാലും തുടക്കമായതിനാലും ആദ്യമത്സരത്തിന് നിലവില്‍ സമ്മാനങ്ങള്‍ ഒന്നുമില്ല. എന്നാലും ബൂലോകത്തിലെ സന്മനസ്സുകള്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. അതിനു താത്പര്യമുള്ളവര്‍ക്ക് കമ്മറ്റി ഓഫീസ്സുമായി ബന്ധപ്പെടാവുന്നതാണ്.

Monday, November 27, 2006

ഒരു സൌഹൃദമത്സര വേദി!

കൂട്ടരേ,
ബൂലോകത്തെ ഛായാഗ്രാഹകര്‍ക്ക് ഒരു സൌഹൃദമത്സര വേദി!

ബൂലോകത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രോത്സാഹനം നല്കുക എന്ന ഉദ്ദേശവുമായി എല്ലാ മാസവും ഒരു വിഷയത്തെ അധികരിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുക എന്നതാണ് ഈ സംഗമവേദിയുടെ പ്രധാന ഉദ്ദേശം.

മത്സരമല്ലേ, വിജയികളുണ്ടാകണം, അപ്പോള്‍ വിധികര്‍ത്താക്കളും വേണം. മത്സരത്തിനു 2 വിഭാഗങ്ങളുണ്ട്, ഒരു വിഭാഗത്തില്‍ ബൂലോകര്‍ തന്നെ വിധികര്‍ത്താക്കള്‍, മറ്റൊരു വിഭാഗത്തില്‍ 3 വിധികര്‍ത്താക്കള്‍ അടങ്ങിയ ഒരു പാനലും. മത്സരത്തിന്റെ വിശദ വിവരങ്ങള്‍/നിയമങ്ങള്‍ എല്ലാം അടങ്ങിയ നിയമാവലി ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

സൌഹൃദമത്സരമാണെങ്കില്‍ക്കൂടി അത് സുതാര്യമായും കഴിവതും തെറ്റുകുറ്റങ്ങളില്ലാതെയും നടത്തണം എന്ന് വിചാരിക്കുന്നു. ഇതു നടപ്പിലാക്കുവാന്‍ വേണ്ടി ആദ്യപടിയായി ഒരു കമ്മറ്റി ഉണ്ടാക്കി ഒരു നിയമാവലി തട്ടിക്കൂട്ടാനുള്ള പരിശ്രമത്തിലാണ്‌. ഇപ്പോ‍ള്‍‍ കമ്മറ്റിയില്‍ നളന്‍, സിബു, കൈപ്പള്ളി, കുമാര്‍,തുളസി, യാത്രാമൊഴി, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ അംഗങ്ങളാണ്. സൌഹൃദമത്സരത്തിന്റെ നിയമാവലി നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. അടുത്ത 2 ദിവസത്തിനുള്ളില്‍ തന്നെ നിയമാവലി പ്രസദ്ധീകരിക്കുവാന്‍ സാധിക്കും എന്നും ഡിസംബര്‍ ‍ തുടക്കത്തില്‍ തന്നെ ബൂലോകര്‍ക്കായുള്ള ആദ്യ സൌഹൃദമത്സരം പ്രഖ്യാപിക്കുവാന്‍ സാധിക്കും എന്നും പ്രത്യാശിക്കുന്നു.

ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

മത്സരക്കമ്മറ്റി